Sunday, July 26, 2020

ആദരാഞ്ജലികൾ

1993-95 കാലഘട്ടത്തിൽ സേക്രഡ് ഹാർട്ട് ഹൈസ്‌കൂളിന്റെ ഹെഡ്മിസ്ട്രസ് ആയി സേവനം അനുഷ്ഠിച്ച സിസ്റ്റർ ഔറേലിയ SVM ഇന്ന് രാവിലെ നിര്യാതയായി. മൃതസംസ്കാരം പിന്നീട്. സിസ്റ്ററിന്റെ ദേഹവിയോഗത്തിൽ തിരുഹൃദയ വിദ്യാലയ കുടുംബത്തിന്റെ ദുഃഖം പങ്കുവെക്കുകയും വിസിറ്റേഷൻ സന്യാസിനീ സമൂഹത്തെയും സിസ്റ്ററിന്റെ കുടുംബാംഗങ്ങളെയും അനുശോചനങ്ങൾ അറിയിക്കുകയും ചെയ്യുന്നു. ആത്മശാന്തിക്ക് വേണ്ടി പ്രാർത്ഥിക്കുന്നു.

വിദ്യാരംഗം ഉദ്ഘാടനം

സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്‌കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനം ചലച്ചിത്രതാരവും റേഡിയോ ജോക്കിയും സ്‌കൂളിലെ പൂർവ്വ വിദ്യാർത്ഥിയുമായ നിൽജ കെ. ബേബി ഓൺലൈൻ വഴി നിർവ്വഹിച്ചു. സ്‌കൂൾ മാനേജർ റവ.ഫാ. ജെയ്സൻ പള്ളിക്കര OSH അധ്യക്ഷത വഹിച്ചു. സ്‌കൂൾ പ്രധാനാധ്യാപിക സിസ്റ്റർ റിൻസി SVM, പി ടി എ പ്രസിഡന്റ് ഫിലിപ്പ് പഴയംപള്ളിൽ, സാമൂഹ്യ ശാസ്ത്ര അധ്യാപകൻ ബെന്നി ടി ജെ എന്നിവർ പ്രസംഗിച്ചു. വിദ്യാർത്ഥികൾ അവതരിപ്പിച്ച വ്യത്യസ്ത കലാപരിപാടികൾ ചടങ്ങിന് മോടി കൂട്ടി. അധ്യാപകരായ സിസ്റ്റർ തുഷാര SVM, കിരൺ സൈമൺ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

ചാന്ദ്രദിനം 2020

ഈ വർഷത്തെ ചാന്ദ്രദിനത്തോടാനുബന്ധിച്ച് സേക്രഡ് ഹാർട്ട് സ്‌കൂളിലെ വിദ്യാർഥികൾ അവരുടെ അധ്യാപകരുടെ മേൽനോട്ടത്തിൽ തയ്യാറാക്കിയത്. നേതൃത്വം നൽകിയ സോഷ്യൽ സയൻസ് അധ്യാപകൻ ടി ജെ ബെന്നി സാറിന് പ്രത്യേക അഭിനന്ദനങ്ങൾ. പങ്കെടുത്ത കുട്ടികളെയും അനുമോദിക്കുന്നു.

USS Winners


ദേശീയ വീഡിയോ നിർമാണ മത്സരത്തിൽ ജെയിംസിന് അംഗീകാരം

കേന്ദ്രസർക്കാരിന്റെ വനം പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന് കീഴിലുള്ള നാഷണൽ മ്യൂസിയം ഓഫ് നാച്ചുറൽ ഹിസ്റ്ററി എന്ന സ്ഥാപനം വനമഹോത്സവത്തിന്റെ ഭാഗമായി ദേശീയതലത്തിൽ സംഘടിപ്പിച്ച വീഡിയോ നിർമാണ മത്സരത്തിൽ സമ്മാനാർഹനായ സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥി ജെയിംസ് ഷൈബുവിന് തിരുഹൃദയ വിദ്യാലയ കുടുംബത്തിന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ

ഓൺലൈൻ വിദ്യാഭ്യാസ പിന്തുണയുമായി മാസും കെസിവൈഎലും

മലബാർ സോഷ്യൽ സർവീസ് സൊസൈറ്റിയും (MASSS), KCYL മലബാർ റീജനും നമ്മുടെ സ്‌കൂളിലെ ഓൺലൈൻ പഠന സൗകര്യം അപര്യാപ്തമായ വിദ്യാർത്ഥികൾക്ക് കൈത്താങ്ങായി നൽകുന്ന ടെലിവിഷനുകൾ സ്‌കൂൾ അധികൃതരെ ഏൽപ്പിക്കുന്നു. MASSS സെക്രട്ടറി ഫാ. ബിബിൻ കണ്ടോത്ത്, കെ സി വൈ എൽ മലബാർ റീജണൽ പ്രസിഡന്റ് ആൽബർട്ട് കൊച്ചുപറമ്പിൽ, പയ്യാവൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഡെയ്‌സി ചിറ്റൂപറമ്പിൽ, സ്‌കൂൾ മാനേജർ ഫാ. ജെയ്സൻ പള്ളിക്കര OSH, ഹെഡ്മിസ്ട്രസ് സിസ്റ്റർ റിൻസി SVM, മലയാളം അധ്യാപകൻ ബിനോയ് കെ എസ് എന്നിവർ സന്നിഹിതരായിരുന്നു.

Thursday, July 2, 2020

ഇംഗ്ലീഷ് വർക്ക് ബുക്ക് തയ്യാറാക്കി


സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്‌കൂളിൽ പത്താം ക്ലാസ്സിൽ പഠിക്കുന്ന മുഴുവൻ വിദ്യാർത്ഥികൾക്കും വിക്ടേഴ്‌സ് ചാനലിൽ നടന്നു വരുന്ന ഓൺലൈൻ ക്ലാസ്സുകളുടെ ഇംഗ്ലീഷിനുള്ള പിന്തുണാ സാമഗ്രികൾ തയ്യാറാക്കി. ഇംഗ്ലീഷ് പാഠപുസ്തകത്തിലെ ഒന്നാം യൂണിറ്റ് അടിസ്ഥാനമാക്കി വിദ്യാർത്ഥികൾക്ക് ഉത്തരം എഴുതാൻ സൗകര്യം ഒരുക്കിക്കൊണ്ട് 'ലേൺ ഇംഗ്ലീഷ്' എന്ന പേരിൽ നാൽപത് പേജുള്ള വർക്ക് ബുക്കാണ് തയ്യാറാക്കിയത്. പാഠങ്ങൾ ആഴത്തിൽ മനസ്സിലാക്കുവാനും പരീക്ഷയ്ക്ക് ഒരുങ്ങുവാനും ഏറെ പ്രയോജനപ്പെടുന്ന രീതിയിൽ ചോദ്യമാതൃകകൾ ഉൾപ്പെടുത്തിയുള്ള വർക്ക് ബുക്ക് സ്‌കൂളിലെ ഇംഗ്ലീഷ് അധ്യാപകരായ ലിബിൻ കെ. കുര്യൻ, റെജി തോമസ് എന്നിവരാണ് തയ്യാറാക്കിയത്. വിവിധ വർക്ക് ഷീറ്റുകൾ അധ്യാപകരുടെ നിർദേശങ്ങൾ അനുസരിച്ച് സമയബന്ധിതമായി വീടുകളിൽ വെച്ച് വിദ്യാർത്ഥികൾക്ക് പൂർത്തീകരിക്കാൻ സാധിക്കും. സ്‌കൂൾ മാനേജർ ഫാ. ജെയ്സൻ പള്ളിക്കര OSH വിദ്യാർത്ഥിപ്രതിനിധികൾക്ക് വർക്ക് ബുക്കിന്റെ ആദ്യ കോപ്പി നൽകി. കോവിഡ്‌ പ്രോട്ടോക്കോൾ പൂർണമായും പാലിച്ചു കൊണ്ട് മുഴുവൻ പത്താം ക്ലാസ് വിദ്യാർത്ഥികൾക്കും ഈ ബുക്ക് ലഭ്യമാക്കുന്നതിന് നടപടികൾ സ്വീകരിച്ചു വരുന്നതായി സ്‌കൂൾ പ്രധാനാധ്യാപിക സിസ്റ്റർ റിൻസി അറിയിച്ചു.


SSLC 2020-തിളക്കമാർന്ന വിജയം


ഇത്തവണത്തെ പരീക്ഷാഫലം സേക്രഡ് ഹാർട്ട് സ്‌കൂളിന് ഏറെ അഭിമാനിക്കാൻ വക നൽകി. പരീക്ഷ എഴുതിയ 99 പേരും മികച്ച വിജയത്തോടെ ഉപരിപഠനത്തിനു അർഹത നേടി. 13 പേർ എല്ലാ വിഷയങ്ങൾക്കും A+ കരസ്ഥമാക്കിയപ്പോൾ 8 പേർ 9 വിഷയങ്ങളിൽ A+ നേടി സ്‌കൂളിന്റെ അക്കാദമിക ചരിത്രത്തിലെ പെരുമ നിലനിർത്തി

പി എൻ പണിക്കർ ഫൗണ്ടേഷൻ ആഘോഷങ്ങളുടെ പാർട്ണർ


പി എൻ പണിക്കരുടെ ഇരുപത്തി അഞ്ചാം ചരമ വാർഷികത്തോടനുബന്ധിച്ച് പി എൻ പണിക്കർ ഫൗണ്ടേഷനും പി എൻ പണിക്കർ വിജ്ഞാൻ വികാസ് കേന്ദ്രയും സംയുക്തമായി നടത്തുന്ന പി എൻ പണിക്കർ ദേശീയ വായനാമാസ ആഘോഷപരിപാടികളുടെ പാർട്ണർ ആയി പയ്യാവൂർ സേക്രഡ് ഹാർട്ട് ഹയർ സെക്കണ്ടറി സ്‌കൂളിനെ തിരഞ്ഞെടുത്തു. വായനാ പ്രതിജ്ഞ എല്ലാ വിദ്യാർത്ഥികളും സ്വഭവനങ്ങളിൽ എടുക്കുകയും വെബ്ബിനാറുകൾ, മത്സരങ്ങൾ എന്നിവയിൽ പങ്കെടുത്തു വരികയും ചെയ്യുന്നു.

വായനയുടെ വസന്തമൊരുക്കി സേക്രഡ് ഹാർട്ട് സ്‌കൂൾ


കോവിഡ് എന്ന മഹാമാരിയുടെ ഭീതിയിൽ കഴിയുന്ന വിദ്യാർത്ഥികളുടെ മനസ്സിൽ വായനയുടെ വസന്തം സമ്മാനിച്ചു കൊണ്ട് പയ്യാവൂർ സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്‌കൂളിൽ വായനാവാരം ഏറെ വൈവിധ്യതകളോടെ ആഘോഷിച്ചു . ഓൺലൈൻ കാലഘട്ടത്തിൽ സാങ്കേതികവിദ്യയുടെ എല്ലാ സാധ്യതകളും പരമാവധി പ്രയോജനപ്പെടുത്തിയാണ് വായനാവാരം സംഘടിപ്പിച്ചത്. സ്‌കൂൾ മാനേജർ ഫാ. ഷാജി വടക്കേത്തൊട്ടിയുടെ അധ്യക്ഷതയിൽ മലയാളത്തിന്റെ പ്രിയ കഥാകൃത്ത് സന്തോഷ് ഏച്ചിക്കാനം വീഡിയോ കോൺഫറൻസിലൂടെ വായനാവാരം ഉദ്ഘാടനം ചെയ്തു. സ്‌കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ റിൻസി, മലയാളം അദ്ധ്യാപകൻ ബിനോയ് കെ. എസ്. എന്നിവർ പ്രസംഗിച്ചു. സ്‌കൂളിലെ ക്ലാസ് അടിസ്‌ഥാനത്തിൽ ഉള്ള വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലൂടെ വിദ്യാർത്ഥികൾ വായനാഗീതം ശ്രവിക്കുകയും വായനാദിന പ്രതിജ്ഞ എടുക്കുകയും ചെയ്തു. പി എൻ പണിക്കരുടെ ചരമ രജത ജൂബിലിയോടനുബന്ധിച്ച് അദ്ദേഹത്തെ കുറിച്ചുള്ള ഡോക്യൂമെന്ററി പ്രദർശനം ഓൺലൈനായി നടത്തി. തുടർന്നുള്ള ഓരോ ദിവസവും വ്യത്യസ്ത വിഷയങ്ങളിൽ രണ്ട് അതിഥികൾ വിദ്യാർത്ഥികളോട് ഓൺലൈനായി സംവദിച്ചു. കവിതയുടെ വായനയെ കുറിച്ച് സാഹിത്യകാരൻ കല്പറ്റ നാരായണൻ, ഫേസ്ബുക്കിലെ എഴുത്തും വായനയും എന്ന വിഷയത്തിൽ യുവ എഴുത്തുകാരൻ സന്ദീപ് ദാസ്, സിനിമ ഒരു വായനാനുഭവം എന്നതിനെ സംബന്ധിച്ച് ഫിലിം അസോസിയേറ്റ് ഡയറക്ടർ ക്രിസ് തോമസ്, കഥയിലെ കഥയെ കുറിച്ച് സാഹിത്യകാരൻ സംഗീത് ശങ്കർ, ശാസ്ത്രവായനയെ കുറിച്ച് ആരോഗ്യപ്രവർത്തക ഡോ. ഷിംന അസീസ്, പുസ്തകങ്ങളുടെ ലോകം എന്ന വിഷയത്തിൽ സനൂപ് സുരേഷ് എന്നിവർ വിദ്യാർത്ഥികളോട് സംവദിച്ചു.

ഇന്ത്യയിലെ അറിയപ്പെടുന്ന യുവ ചരിത്രകാരനും എഴുത്തുകാരനുമായ മനു എസ് പിള്ള ചരിത്രവായന എന്ന വിഷയത്തിൽ വിദ്യാർത്ഥികളുമായി നടത്തിയ സംവാദം ഏറെ ശ്രദ്ധേയമായി. ബാലസാഹിത്യത്തിലൂടെ യുവ നോവലിസ്റ്റ് അഖിൽ പി. ധർമജൻ വിദ്യാർത്ഥികളെ മുന്നോട്ട് നയിച്ചപ്പോൾ വായനയും സർഗ്ഗാത്മകതയും എന്ന വിഷയത്തിൽ അധ്യാപകനും എഴുത്തുകാരനുമായ ഷിജു ആർ. അനുഭവങ്ങൾ വിവരിച്ചു. ഏകാഗ്രതയും വായനയും എന്നതിനെ സംബന്ധിച്ച് അസാപ് ട്രെയിനർ അൻവർ സാദത്ത് സംസാരിച്ചപ്പോൾ യുവ തലമുറയിലെ ശ്രദ്ധേയനായ കഥാകൃത്ത് ഡി പി അഭിജിത്ത് തന്റെ വായനാനുഭവങ്ങൾ വിദ്യാർത്ഥികളുമായി പങ്കുവെച്ചു. ട്രോൾ വായനയെ കുറിച്ച് ശ്രീജിത്ത് ബി. മുരളീധരൻ വിദ്യാർത്ഥികളുമായി സംവദിച്ചത് അവരിൽ ഏറെ കൗതുകം ഉണർത്തി. എഴുത്തുകാരനും തൊടുപുഴ ന്യൂമാൻ കോളജിലെ മുൻ അധ്യാപകനുമായ പ്രൊഫ. ടി ജെ ജോസഫ് കവിതയുടെ പൊരുൾ എന്ന വിഷയത്തിൽ കവിതയെ എങ്ങനെ സമീപിക്കണം എന്ന് വിദ്യാർത്ഥികളെ ഓർമിപ്പിച്ചു.

കൂടാതെ ആസ്വാദനക്കുറിപ്പ് തയ്യാറാക്കൽ, പി എൻ പണിക്കരുടെ ഇരുപത്തി അഞ്ചാം ചരമവാർഷികത്തോടനുബന്ധിച്ച് ലേഖന മത്സരം, വായനാ മൂല, വായനാ കുറിപ്പ്, സാഹിത്യപ്രശ്‌നോത്തരി, എന്നിവയും വായനവാരത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾക്ക് വേണ്ടി സംഘടിപ്പിച്ചു. സ്‌കൂളിന്റെ ഫേസ്ബുക് പേജ്, യൂറ്റ്യൂബ് ചാനൽ, ക്ലാസ് അടിസ്ഥാനത്തിലുള്ള വാട്സാപ്പ് ഗ്രൂപ്പുകൾ എന്നിവയിലൂടെ പരിപാടികൾ കുട്ടികളിലേക്ക് എത്തിച്ചു. സ്‌കൂളിലെ ഇംഗ്ലീഷ് അദ്ധ്യാപകൻ ലിബിൻ കെ. കുര്യൻ പരിപാടികൾക്ക് സാങ്കേതിക സഹായം നൽകി ഏകോപിപ്പിച്ചു. അധ്യാപകരുടെ പൂർണ സഹകരണം പരിപാടികളുടെ വിജയത്തിന് സഹായകരമായി.


ഓൺലൈൻ ക്വിസ്


അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ശ്രീകണ്ഠപുരം എക്സൈസ് റേഞ്ച് സംഘടിപ്പിച്ച ഓൺലൈൻ ക്വിസ് മത്സരത്തിൽ സിജിൽ തോമസ്, ജോബിൻ ബി. കുഴിവേലിൽ, അലിയ ആൻ ടോം എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.



'ഉണർവി'ൽ ജേതാവ്


കേരള സർക്കാർ ആരോഗ്യ കുടുംബക്ഷേമ വകുപ്പ് ഉണർവ് - അവധിക്കാല ഒത്തുചേരൽ എന്ന പേജിൽ സംഘടിപ്പിച്ച വിവിധ മത്സരങ്ങളിൽ സ്‌കൂളിലെ വിദ്യാർത്ഥികളിൽ നിരവധി പേർ പങ്കെടുത്തു. യു പി വിഭാഗം മാർക്കറ്റിംഗ് മത്സരത്തിൽ ഏഴാം ക്ലാസ് വിദ്യാർത്ഥിനി റാണി മരിയ ജെയിംസ് വിജയിച്ചു.


ഡിജിറ്റൽ പോസ്റ്റർ നിർമാണം


ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സ്‌കൂളിലെ ഇംഗ്ലീഷ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ഡിജിറ്റൽ പോസ്റ്റർ നിർമാണ മത്സരം സംഘടിപ്പിച്ചു. "Celebrate Biodiversity" എന്ന വിഷയത്തിൽ സംഘടിപ്പിച്ച മത്സരത്തിൽ നന്ദകൃഷ്ണ , ജിസ്സ ഷൈബു, അബിന ആഗ്നസ് എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി


പരിസ്ഥിതിദിനം പൂർവ വിദ്യാർത്ഥികളോടൊപ്പം


ഈ വർഷത്തെ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സ്‌കൂളിലെ 1998ബാച്ചിലെ വിദ്യാർത്ഥികളുടെ പ്രതിനിധികൾ സ്‌കൂളിൽ ഒരുമിച്ച് ചേരുകയും പ്രധാനാധ്യാപിക സിസ്റ്റർ റിൻസിയോടൊത്ത് സ്‌കൂൾ അങ്കണത്തിൽ വൃക്ഷതൈ നേടുകയും ചെയ്തു. ഷോണി, ജയരാജ് തുടങ്ങിയവർ നേതൃത്വം നൽകി

ഓൺലൈൻ ഇംഗ്ലീഷ് ഫെസ്റ്റിന് സമാപനം


കോവിഡ്‌ രോഗവ്യാപനം ചെറുക്കുന്നതിന് അധികാരികൾ സ്വീകരിച്ച ലോക്ക് ഡൗൺ മൂലം ഭവനങ്ങളിൽ ആയിരിക്കുന്ന വിദ്യാർത്ഥികൾക്ക് ഇംഗ്ലീഷ് ഭാഷയോട് ആഭിമുഖ്യം വളർത്തുക എന്ന ലക്ഷ്യത്തോടെ പയ്യാവൂർ സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്‌കൂളിൽ സംഘടിപ്പിച്ച ഓൺലൈൻ ഇംഗ്ലീഷ് ഫെസ്റ്റ് സമാപിച്ചു. ഭാഷയിലെ വിവിധ നൈപുണികൾ വികസിപ്പിച്ചെടുക്കുന്നതിനും സർഗ്ഗാത്മകത പരിപോഷിപ്പിക്കുന്നതിനുമായി നടത്തിയ ഫെസ്റ്റിൽ ഗെയിംസ്, റിഡിൽസ്, പസിൽസ്, ഇംഗ്ലീഷ് ഗാനാലാപനം, ചിത്രകല തുടങ്ങിയ വൈവിധ്യമാർന്ന പരിപാടികൾ ഉണ്ടായിരുന്നു. Starting with Anagram, Attention Specified, Describing and Recording, Learn with Fun, Tongue Twister, Let's Sing a Song, Gift for a Friend എന്നിങ്ങനെ ഓരോ ദിവസവും ടാസ്കുകൾ വിദ്യാർത്ഥികൾക്ക് നൽകി. ഓരോ ദിവസവും വിജയിയെ കണ്ടെത്തി പിറ്റേന്ന് പ്രഖ്യാപിച്ചു. 6, 7, 8 ക്ലാസ്സുകളിലെ അറുപതോളം വിദ്യാർത്ഥികൾ ആവേശപൂർവ്വം പങ്കെടുത്ത ഇംഗ്ലീഷ് ഫെസ്റ്റിന് സ്‌കൂളിലെ ഇംഗ്ലീഷ് അധ്യാപകരായ ലിബിൻ കെ. കുര്യൻ, റെജി തോമസ് എന്നിവർ നേതൃത്വം നൽകി. സ്‌കൂൾ പ്രധാനാധ്യാപിക സിസ്റ്റർ റിൻസി SVM വിജയികളെ അനുമോദിച്ചു.

Friday, June 19, 2020

വായനാവാരം



സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്‌കൂളിൽ വായനാവാരത്തിന് പ്രൗഢോജ്വലമായ തുടക്കം. മലയാളത്തിന്റെ പ്രിയപ്പെട്ട യുവസാഹിത്യകാരനും കേരളാ സാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ സന്തോഷ് ഏച്ചിക്കാനം വായനാവാരത്തിന്റെ ഔപചാരിക ഉദ്ഘാടനം വീഡിയോ കോൺഫറൻസ് വഴി നിർവഹിച്ചു. വായിച്ചു വളർന്ന് ചോദ്യങ്ങൾ ഉന്നയിക്കുന്ന തലമുറ മാത്രമേ ഉത്തമമായ ഒരു രാഷ്ട്രത്തെ നിർമ്മിക്കുകയുള്ളൂ എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.   സ്‌കൂൾ മാനേജർ ഫാ. ഷാജി വടക്കേത്തൊട്ടി അധ്യക്ഷനായിരുന്നു. സ്‌കൂളിന്റെ പ്രധാനാധ്യാപിക സിസ്റ്റർ റിൻസി, മലയാളം അധ്യാപകൻ കെ. എസ്. ബിനോയ് എന്നിവർ പ്രസംഗിച്ചു. ഇംഗ്ലീഷ് അധ്യാപകൻ ലിബിൻ കെ. കുര്യൻ സാങ്കേതിക സഹായവും ഏകോപനവും നിർവ്വഹിച്ചു. സ്‌കൂളിലെ ക്ലാസ് അടിസ്‌ഥാനത്തിൽ ഉള്ള വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലൂടെ വിദ്യാർത്ഥികൾ വായനാഗീതം ശ്രവിക്കുകയും വായനാദിന പ്രതിജ്ഞ എടുക്കുകയും ചെയ്തു. പി എൻ പണിക്കരുടെ ചരമ രജത ജൂബിലിയോടനുബന്ധിച്ച് അദ്ദേഹത്തെ കുറിച്ചുള്ള ഡോക്യൂമെന്ററി പ്രദർശനം ഓൺലൈനായി നടത്തി.വരും ദിവസങ്ങളിൽ വ്യത്യസ്തമായ നിരവധി പ്രവർത്തനങ്ങളാണ് വായനാവാരത്തിൽ സ്‌കൂളിൽ ആവിഷ്കരിച്ചു നടപ്പിലാക്കുന്നത്.